Blog
കോപ്പിയടിയും സാഹിത്യകൊലപാതകവും
ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന കോപ്പിയടി വിവാദത്തെക്കുറിച്ച് അറിഞ്ഞപ്പോൾ മറ്റു ചില എഴുത്തുകാരുടെ കൃതികളെയും ഓർമ്മ വന്നു.
ഇവരൊക്കെ ശരിക്കും എഴുതുകയാണോ, അതോ ഏതോ പാവം പുതിയ എഴുത്തുകാർ വായിക്കാൻ കൊടുത്തവയെ മറ്റൊരു രൂപത്തിൽ പകർത്തുകയാണോ എന്നു പലപ്പോഴും ‘മികച്ചത്’ എന്ന രീതിയിൽ ഞാൻ വായിച്ചിട്ടുള്ള ആ പുസ്തകങ്ങളെക്കുറിച്ച് എനിക്ക് അന്നേ തോന്നിയിരുന്നു. കാരണം അവയൊക്കെ അതിന്റെ ‘ഒറിജിനൽ’ എഴുത്തുകാർ അയച്ചു തന്നത് ഞാൻ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നു എന്നത് തന്നെ. പക്ഷേ ‘മൂലകഥ’ മാത്രം ചുരണ്ടിയെടുത്ത് പോളിഷ്ഡ് വേർഷൻ ആക്കി എടുത്ത അത്തരം പുസ്തകങ്ങളോട് മത്സരിച്ചു ജയിക്കാൻ ഈ പാവപ്പെട്ട എഴുത്തുകാർക്ക് സാധിക്കുമായിരുന്നില്ല.
ഒരു എഴുത്തുകാരൻ ഒരു കൃതി സൃഷ്ടിക്കുന്നത് വെറും വാക്കുകൾ കൂട്ടിച്ചേർത്തല്ല. അയാളുടെ അനുഭവങ്ങൾ, നിരീക്ഷണങ്ങൾ, പരാജയങ്ങൾ, വേദനകൾ, സ്വപ്നങ്ങൾ, എന്നിവ ചേർന്നാണ് ഒരു കഥ രൂപപ്പെടുന്നത്. ആ കഥയുടെ രൂപവും ആത്മാവും എടുത്ത് സ്വന്തം പേരിൽ അവതരിപ്പിക്കുന്നത് ആ സൃഷ്ടിയോടുള്ള അനാദരവും ആ എഴുത്തുകാരനോടുള്ള വഞ്ചനയും എല്ലാത്തിനുമുപരി കട്ടെടുത്തവൻ തന്നോട് തന്നെ ചെയ്യുന്ന ആത്മ വഞ്ചനയുമാണ് (നിങ്ങളുടെ കൈയിൽ കഥയില്ലെങ്കിൽ എഴുതാതെ ഇരിക്കുകയാണ് ഉത്തമം). പക്ഷേ കൂട്ടിന് പ്രമുഖ പ്രസാധകർ ഉള്ളപ്പോൾ നമ്മുടെ ശബ്ദം നമ്മിൽത്തന്നെ ഒതുങ്ങിപ്പോകും. പ്രിയപ്പെട്ട പ്രശസ്ത എഴുത്തുകാരേ, നിങ്ങളിൽ നിന്ന് കുറച്ചുകൂടി മെച്ചപ്പെട്ട മനോനിലവാരം വായനക്കാർ പ്രതീക്ഷിക്കുന്നുണ്ട്. കാരണം നിങ്ങളാണ് ഒരു ചെറിയ സമൂഹം ആളുകളുടെയെങ്കിലും ‘റോൾ മോഡൽ!’
അടുത്തിടെ ഒരു പബ്ലിക്കേഷനിൽ ഇറങ്ങിയ പുസ്തകത്തിൻറെ പേര്, ഞാൻ ആ പബ്ളിക്കേഷനിൽ അയച്ച എന്റെ നോവലിനോടു സാമ്യമുള്ളത് കണ്ട് അത് വാങ്ങി വായിക്കുകയുണ്ടായി, വായിക്കുംതോറും എന്റെ കണ്ണുകൾ നിറഞ്ഞു പോയി. എനിക്ക് ഇതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്നറിയില്ലായിരുന്നു. രചനകൾ എപ്പോഴും വ്യത്യസ്തമായിരിക്കണമെന്ന ചിന്തയോടുകൂടിയാണ് ഞാൻ എപ്പോഴും എഴുതാറുള്ളത്. ഏറ്റവും വ്യത്യസ്തമെന്നും ഞാൻ എഴുതിയിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതെന്നും ഞാൻ കരുതിയിരുന്ന എൻറെ കഥ മറ്റൊരു രൂപത്തിൽ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി.
പിന്നീട് ഒന്നരവർഷത്തോളമായി അതേ പബ്ലിക്കേഷനിൽ ഞാൻ അയച്ചുകൊടുത്ത എന്റെ ആ നോവലിനെക്കുറിച്ച് വീണ്ടും മെയിൽ അയച്ച് ചോദിച്ചു. വീണ്ടും വായിച്ചുനോക്കി ഒരു മാസത്തിനുള്ളിൽ റിപ്ലൈ തരാം എന്നുള്ള മറുപടിയാണ് പിന്നെയും അവിടെ നിന്ന് ലഭിച്ചത്.
എന്നോട്, ‘ഇന്നാകട്ടെ നാളെ ആകട്ടെ’ എന്ന് പറഞ്ഞ് മാറ്റി മാറ്റി വച്ചതിലുള്ള അസ്വാഭാവികതയെക്കുറിച്ച് ഞാനിപ്പോൾ കൂടുതൽ സംശയിക്കുന്നു. എൻറെ രചനയെക്കുറിച്ച് കഴിഞ്ഞവർഷം ഒരുപാട് തവണ അവിടത്തെ എഡിറ്ററിനോട് ചോദിക്കുകയുണ്ടായി, പക്ഷേ അതൊക്കെ അവർ മറുപടി തരാതെ അവഗണിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തരം പ്രമുഖ പബ്ലിക്കേഷനിൽ രചന അയച്ചുകഴിഞ്ഞാൽ അവിടത്തെ എഡിറ്റർമാർക്ക് മുന്നിൽ ഭിക്ഷാപാത്രവുമായി നിൽക്കുന്നതു പോലെയാണ് പിന്നീടുള്ള അനുഭവം. (എന്റെ മാത്രം അഭിപ്രായമല്ല). അങ്ങനെ കാത്തിരിക്കുന്നവരോട്, നിങ്ങളുടെ എഴുത്ത് കുറച്ചുകൂടി മെച്ചപ്പെടാൻ ഉണ്ടെന്നും മാർക്കറ്റിംഗ് വാല്യൂ ഇല്ലെന്നും പറഞ്ഞ് അവർ റിജക്ട് ചെയ്തേക്കും, പക്ഷേ അവിടെ നിന്ന് ഇറങ്ങുന്ന ഓരോ പുസ്തകവും നോക്കിയാൽ എവിടെയൊക്കെയോ നിങ്ങളുടെ കഥകളും ഉണ്ടാകാം.
എന്തായാലും എൻറെ അനുഭവം വച്ച് ഞാൻ ഒരു കാര്യം അന്നേ തീരുമാനിച്ചിരുന്നു, ഇനി പ്രമുഖരുടെ മറുപടിക്ക് വേണ്ടിയുള്ള കാത്തിരിപ്പുകളില്ല. എൻറെ രചന ഞാൻ ഇന്ന് എഴുതിത്തീർന്നാൽ നാളെ പ്രസിദ്ധീകരിച്ചിരിക്കും. പ്രമുഖ എഴുത്തുകാർക്കൊപ്പമുള്ള ഇരിപ്പിടവും സാഹിത്യ ചർച്ചകളും നഷ്ടമായേക്കും സാരമില്ല. എനിക്ക് എൻറെ വായനക്കാരുടെ മനസ്സിലുള്ള ഇടം മതി. അതുകൊണ്ടുതന്നെയാണ്, ആരുടെയും മറുപടിക്ക് കാത്തു നിൽക്കാതെ ‘ഡൂ ഇറ്റ് നൌ’ എന്നുള്ള പുസ്തകം കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചത്. ( അതിൽ വളരെ വ്യക്തമായി, ഒരു പബ്ലിഷറുടെ അടുത്ത് പോയ പെൺകുട്ടിയുടെ അനുഭവം വിവരിക്കുന്നുണ്ട്. ഇത്രയും പറഞ്ഞത് സത്യമാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് അത് കൂടി വായിച്ചു നോക്കാവുന്നതാണ്.)